"വ്യത്യസ്തമായി ചിന്തിക്കുക "- ഈയൊരു വാക്യം നിങ്ങൾ ഒരായിരം പ്രാവശ്യം കേട്ടിട്ടുണ്ടാകും. ഇത് വിഖ്യാതമായ ആപ്പിൾ കമ്പനിയുടെ പരസ്യ വാചകമാണ്. വളരെ ലളിതവും ആകർഷകവുമായ ഈ വാചകം കമ്പനിയുടെ വിജയത്തിൽ നിർണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. കണ്ടന്റ് എങ്ങനെ ഒരു കമ്പനിയുടെ വളർച്ചക്ക് എങ്ങനെയാണ് സംഭാവനകൾ നൽകുന്നതെന്ന് എന്നത് നമുക്ക് വെളിപ്പെടുത്തിത്തരുന്നു.
ആദ്യമായി നമുക്ക് കണ്ടന്റ് മാർക്കറ്റിങ് എന്ന പദത്തെക്കുറിച്ച് ചർച്ചചെയ്യാം
ഇന്റർനെറ്റിലൂടെ കണ്ണോടിക്കുമ്പോൾ 'കണ്ടന്റ് മാർക്കറ്റിങ്' എന്ന വാക്ക് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകുകയും. അതിനെക്കുറിച്ച് ഗാഢമായി ചിന്തിക്കയും ചെയ്തിട്ടുണ്ടാകും. അങ്ങനെ ചിന്തിക്കുന്ന വേളയിൽ നിങ്ങളുടെ മനസ്സിൽ ഒരു ചോദ്യം സ്വാഭാവികമായും ഉയർന്നുവന്നിട്ടുണ്ടാകും. എന്താണ് കണ്ടന്റ് മാർക്കറ്റിംഗ്? എന്താണ് അതിന്റെ പ്രസക്തി? സാങ്കേതികവിദ്യയുടെ സ്വാധീനത്താൽ ചലിക്കുന്ന ഈ ലോകത്തിൽ വ്യവസായങ്ങൾ തങ്ങളുടെ ബ്രാൻഡിന്റെ പ്രതിച്ഛായ വർധിപ്പിക്കുന്നതിന് വേണ്ടി വിവിധ മാർക്കറ്റിങ് തന്ത്രങ്ങൾ ആവിഷ്കരിക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെ ബ്രാൻഡിന്റെ മൂല്യം വർധിപ്പിക്കാനുള്ള ഏറ്റവും മികച്ച വിദ്യകളിലൊന്നാണ് കണ്ടന്റ്റ് മാർക്കറ്റിങ്. വിജയിച്ച ഏതൊരു ബ്രാൻഡിന്റെ പിന്നിലും ജനങ്ങളുമായി ബന്ധിപ്പിക്കുന്ന, ഉയർന്ന മൂല്യമുള്ള കണ്ടന്റിന്റെ ശക്തിയുണ്ടായിരിക്കും. നിങ്ങളുടെ ബ്രാൻഡ് എന്താണെന്നും, അത് പ്രതിനിധാനം ചെയ്യുന്നതെന്താണെന്നും ആ കണ്ടന്റ് സൂചിപ്പിക്കുന്നു.
ലളിതമായി പറഞ്ഞാൽ, കണ്ടന്റ് മാർക്കറ്റിംഗ് എന്നത് നിങ്ങളുമായി സംബന്ധിക്കുന്ന വിവരങ്ങൾ ജനങ്ങൾക്ക് മുൻപാകെ വിദഗ്ധമായി മാർക്കറ്റ് ചെയ്യുന്ന പ്രക്രിയയാണ്. ജനങ്ങളുമായി സംവദിക്കാനും, ഉൽപ്പന്നങ്ങളെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ട്ടിക്കാനുമുള്ള ഏറ്റവും ഫലപ്രദവും, പ്രയോഗികവുമായ തന്ത്രങ്ങളിലൊന്നാണ്. ആകർഷകമായ കണ്ടൻറ്റിലൂടെ നിങ്ങള്ക്ക് മറ്റു എതിരാളികളേക്കാൾ മുന്നേറാനും കൂടുതൽ ബന്ധങ്ങൾ സ്ഥാപിക്കാനും സാധിക്കുന്നു.
ഉദാഹരണത്തിന് ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത പ്രശസ്ത ഹോളിവുഡ് ചിത്രം 'ഡാർക്ക് നൈറ്റ് റൈസസ്' തന്നെ എടുക്കുക. ഹോളിവുഡ് വിഭാവനം ചെയ്തിട്ടുള്ളതിൽവച്ച് ഏറ്റവും ശ്രദ്ധയാകർഷിച്ച മാർക്കറ്റിങ് ക്യാമ്പയിനുകളിൽ ഒന്നായിരുന്നു. സിനിമ പ്രദർശനം ആരംഭിക്കുന്നതിന് 14 മാസം മുൻപ് തന്നെ ക്യാമ്പയിൻ ആരംഭിച്ചു. ജനങ്ങളുമായി സംവദിക്കുന്നതിന് വേണ്ടി നിരവധി ട്രെയിലറുകൾ, വൈറൽ മാർക്കറ്റിംഗ്, ചുവരെഴുത്ത് പ്രചാരണങ്ങൾ എന്നിവ നടത്തി. എല്ലാറ്റിനേയും ഏകീകരിപ്പിച്ചുകൊണ്ടുള്ള ശക്തമായ ഈ ക്യാമ്പയിനുകൾ പൊതു ജനങ്ങൾക്കിടയിൽ മുൻപൊരിക്കലും കാണാത്തവിധത്തിലുള്ള പ്രകമ്പനങ്ങൾ സൃഷ്ട്ടിക്കുകയും സിനിമയുടെ വിജയത്തിന് കാരണമാകുകയും ചെയ്തു.
നമുക്ക് ഈ മാർക്കറ്റിംഗിന്റെ പ്രയോജനമെന്തെന്ന് നോക്കാം
ഏതൊരു ബിസിനസ്സും ഒരു പ്രത്യേക ജനഭാഗത്തെ ലക്ഷ്യം വയ്ക്കുന്നുണ്ടാകും. നിങ്ങൾ സൃഷ്ട്ടിക്കുന്ന മൂല്യമാണ് നിങ്ങളുടെ വിശ്വാസ്യത നിർണയിക്കുന്നത്. ആകർഷകവും, ഉൾകാഴ്ച നിറഞ്ഞതുമായ കണ്ടന്റ് എഴുതി ജനങ്ങൾക്ക് ബോധവൽക്കരണം നൽകുന്നതിലൂടെ, അവരുമായി ഒരു പ്രത്യേക അടുപ്പം നിങ്ങൾ സ്ഥാപിച്ചെടുക്കുന്നു. ഈയൊരു ബന്ധം സൃഷ്ട്ടിച്ചെടുക്കലാണ് ഒരു ബിസിനസ്സിന്റെ വളർച്ചയെ സംബന്ധിച്ചെടുത്തോളം ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘടകമെന്ന് പറയുന്നത്.
വിശ്വാസം എന്ന ഘടകത്തെക്കുറിച്ച് സംസാരിക്കുമ്പോൾ നമുക്ക് മുന്നിലുള്ളത് കൊക്കക്കോളയുടെ ഉദാഹരണമാണ്. 'ഷെയർ എ കോക്ക്' എന്ന ബഹുരാഷ്ട്ര ക്യാമ്പയിൻ ഈ ബ്രാൻഡ് ആരംഭിക്കുകയുണ്ടായി. ഈ പ്രചാരണം അവർ വ്യക്ത്യാധിഷ്ഠിതമാക്കുകയും, ഉല്പന്നവുമായി താദാത്മ്യം പ്രാപിക്കാനുള്ള ജനങ്ങൾക്ക് അവസരം നൽകുകയും ചെയ്തു. മാത്രമല്ല, എല്ലാവരും ഈയൊരു ഉല്പന്നത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങുകയും ചെയ്തു. കുപ്പിയുടെ മേൽ സ്വന്തം പേരെഴുതാനുള്ള അവസരം നൽകുകയും, ജനകളെ പ്രചോദിപ്പിക്കുകയും ചെയ്തു.
എല്ലാം ശരിയാണ്, എങ്കിലും ഒരു ചോദ്യം മനസ്സിൽ നിലനിൽക്കുന്നു. എങ്ങനെയാണ് ഫലപ്രദമായ കണ്ടന്റ് എഴുതുന്നത്?
ജനങ്ങളെ സ്വാധീനിക്കുന്ന കണ്ടന്റ് എഴുതാനുള്ള വഴി എന്ന് പറയുന്നത്, അവരുടെ താല്പര്യങ്ങൾക്കും, അഭിരുചികൾക്കുമനുസരിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുക എന്നുള്ളതാണ്. കണ്ടന്റ് വായിക്കുന്ന വ്യക്തികൾക്ക് നിങ്ങളുടെ ബ്രാൻഡിന്റെ മൂല്യവും, മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ നിങ്ങളെ വേറിട്ടു നിർത്തുന്ന ഗുണവും തിരിച്ചറിയണം. ബ്ലോഗ്, സോഷ്യൽ മീഡിയ, ഇമെയിൽ, വീഡിയോ, വെബ്ബിനാർ തുടങ്ങിയ മാധ്യമങ്ങളിലൂടെ ജനങ്ങളുമായി നിങ്ങൾക്ക് സംവദിക്കാം.
ഉദാഹരണത്തിന്, നമുക്ക് 2016ലെ അമേരിക്കൻ തിരഞ്ഞെടുപ്പിലെ ഡൊണാൾഡ് ട്രംപിന്റെ വിജയം എടുക്കാം. വോട്ടർമാരുമായി ബന്ധം സൃഷ്ട്ടിക്കുന്നതിന് വേണ്ടി അതിവിദഗ്ദ്ധമായാണ് ട്വിറ്റർ പോലുള്ള സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ചത്. പരമ്പരാഗതമായ മാർക്കറ്റിങ് തന്ത്രങ്ങൾക്ക് പകരം ഉന്നതനിലവാരം പുലർത്തുന്നതും, ജനങ്ങൾക്ക് എളുപ്പത്തിൽ ഓർത്തുവയ്ക്കാൻ സാധിക്കുന്ന ചെറിയ മുദ്രാവാക്യങ്ങളടങ്ങിയ കണ്ടന്റുകളായാണ് നൽകിയത്. ഈയൊരു ഉദാഹരണത്തിലൂടെ നമുക്ക് തീർച്ചപ്പെടുത്താൻ സാധിക്കുന്ന കാര്യമുണ്ട്, ഓൺലൈൻ കണ്ടന്റ് മാർക്കറ്റിങ്, മറ്റു മാർക്കറ്റിങ്ങിനെക്കാൾ ഫലപ്രദവും, ലാഭകരവുമാണ്. ഇത്തരം മാർക്കറ്റിങ്ങിന്റെ പ്രത്യേകത എന്തെന്നാൽ, ഒരുൽപ്പന്നം വാങ്ങാനോ, ഒരു പ്രവർത്തി ചെയ്യാനോ ജനങ്ങളെ പ്രത്യക്ഷമായി ഒരിക്കലും നിർബന്ധിക്കുന്നില്ല എന്നതാണ്.
അവസാനമായി പറയാനുള്ളത്, മാർക്കറ്റിങ്ങിനെ സംബന്ധിച്ചിടത്തോളം കണ്ടന്റ് രാജാവാണ് എന്ന് പ്രയോഗം ശരിയാണെന്നാണ് എനിക്ക് തോന്നുന്നത്. കണ്ടന്റ്, അത് ആസ്വാദനം നല്കുന്നതാണെങ്കിലും, അറിവ് വർധിപ്പിക്കുന്നതാണെങ്കിലും, മൂല്യവത്താണെങ്കിൽ, ജനങ്ങളുടെ വീക്ഷണത്തിൽ മാറ്റം വരുത്താൻ പോന്നവയാണ്. ഇത് വ്യവസായ സംരംഭങ്ങൾ മനസ്സിലാകുകയും, അനുയോജ്യമായ രീതിയിൽ, വളർച്ച പ്രാപിക്കുന്നതിനായുള്ള ഉപകരണമായി ഈ മാർക്കറ്റിങ്ങിനെ ഉപയോഗപ്പെടുത്തുകയും വേണം.
Sachin K M