പ്രശസ്തമായ ' നൈക്കി ' സ്പോർട്സ് ബ്രാൻഡിനെക്കുറിച്ച് നമ്മളെല്ലാവരും കേട്ടിട്ടുണ്ട്, പ്രത്യേകിച്ച് നിങ്ങൾ ഒരു കായിക പ്രേമി ആണെങ്കിൽ. അവരുടെ ലോഗോയും, പരസ്യവാചകവും കാലങ്ങളായി ജനങ്ങളുടെ ഹൃദങ്ങളിൽ സ്ഥിരപ്രതിഷ്ട്ട നേടിയിട്ടുണ്ട്. അവയുടെ പരസ്യങ്ങളൊക്കെ നോക്കുകയാണെങ്കിൽ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും, അവർ ഉൽപ്പന്നം വില്പനയ്ക്ക് വയ്ക്കുക മാത്രമല്ല, ജനങ്ങളെ പ്രചോദിപ്പിക്കുക എന്ന കർത്തവ്യം കൂടി അതിലൂടെ ചെയ്യുന്നുണ്ട്.
ഓൺലൈൻ മാർക്കറ്റിങ് ബിസിനസ്സുകളുടെ വളർച്ചയിലും, വിജയത്തിലും നിർണായകമായ പങ്ക് നിർവഹിക്കുന്നുണ്ട്. ഇന്നത്തെ കാലഘട്ടത്തിൽ, നിങ്ങളുടെ ഉത്പന്നങ്ങളും, സേവനങ്ങളും ജനങ്ങളിലേക്കെത്തിക്കാനും, അവരുമായി ക്രിയാത്മകമായി സംവദിക്കാനും ഇന്റർനെറ്റിന്റെ പിന്തുണ അനിവാര്യമാണ്.
ആദ്യമായി നമുക്ക് പരിശോധിക്കേണ്ടത്, ഓൺലൈൻ മാർക്കറ്റിങ്ങ് എങ്ങനെ ഒരു ബ്രാൻഡിന്റെ ദൃശ്യതയെ സ്വാധീനിക്കുന്നു എന്നുള്ള വസ്തുതയാണ്.
ഇന്റർനെറ്റിന്റെ വരവോടുകൂടി നമ്മുടെ ജീവിതശൈയിൽ കാതലായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇന്ന് ഏത് വസ്തുവും, അത് ഇലക്ട്രോണിക് ഉപകരണങ്ങളോ സിനിമ ടിക്കറ്റോ എന്ത് തന്നെയായാലും നമുക്ക് ഓൺലൈനിലൂടെ വാങ്ങിക്കാൻ സാധിയ്ക്കും. പഴയ കാലഘട്ടത്തിൽ, ഒരു വിധം എല്ലാ ബിസിനസ്സുകളും ഒരു പ്രത്യേക പ്രദേശത്തിന്റെ പരിധിയിൽ നിലനിന്നിരുന്നതും, അവിടുത്തെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതുമായി ബന്ധപ്പെട്ടവയുമായിരുന്നു. പക്ഷെ ഇന്ന്, ലോകത്തിലെ ഏത് കോണിൽനിന്നു നോക്കിയാലും കാണാൻ സാധിക്കുന്ന വിധത്തിലാണ് സജ്ജീകരിച്ചിട്ടുള്ളത്. പൊതുജനങ്ങൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നതിന് വേണ്ടി വെബ്സൈറ്റ്, ബ്ലോഗ്, സോഷ്യൽ മീഡിയ തുടങ്ങിയ അനവധി ഇന്റർനെറ്റ് മാധ്യമങ്ങൾ സംരംഭങ്ങൾ ഉപയോഗിച്ചുവരുന്നുണ്ട്.
ഉദാഹരണത്തിന് നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു ബ്രാൻഡാണ് റോളക്സ്. അവർ വളരെ ലളിതവും, മനോഹരവും, ബ്രാൻഡിലേക്ക് ജനങ്ങളെ ആകർഷിക്കുന്നതുമായ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഈ കമ്പനി ജനങ്ങളുടെ അംഗീകാരം നേടിയെടുക്കുന്നതിന് വേണ്ടി ഇത്തരം ആകർഷണീയമായ കണ്ടന്റ് സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളിൽ നിമഗ്നരാകുന്നു.
ഏതൊരു ബിസിനസ്സിനും വളർച്ച പ്രാപിക്കണമെങ്കിൽ ഉപഭോക്താവുമായി ഗുണകരമായ ബന്ധം സൃഷ്ട്ടിച്ചെടുക്കേണ്ടതുണ്ട്. നിങ്ങൾ ടാർഗറ്റ് ചെയ്തിട്ടുള്ള ജനവിഭാഗവുമായി സംബന്ധിക്കുന്നതിന് വേണ്ടിയുള്ള ഒരു മികച്ച ഉപകരണമാണ് സോഷ്യൽ മീഡിയ. ഈ മാധ്യമത്തിലൂടെ നിങ്ങളുടെ ഉത്പന്നങ്ങളും, സേവനങ്ങളും ജനങ്ങളുടെ മുൻപിൽ പ്രദർശിപ്പിക്കാനും, അവരുമായി സംവദിക്കാനും സാധിക്കുന്നു. കമ്പനിയുടെ ഉൽപ്പന്നങ്ങളുടെ മൂല്യത്തെക്കുറിച്ച് അഭിപ്രായം പറയാനും, നിരൂപണം നടത്താനും ഉപഭോക്താക്കൾക്ക് സാധിക്കുന്നു. ഈ പ്രവർത്തിയിലൂടെ ഒരു വസ്തു വാങ്ങുന്നതിനെ സംബന്ധിച്ച് തീരുമാനങ്ങളെ സ്വാധീനിക്കാൻ അവർക്ക് കഴിയുന്നു എന്നത് ശ്രദ്ധാർഹമാണ്.
മുകളിൽ വിവരിച്ചതിന് ഒരു മികച്ച ഉദാഹരണമാണ് പ്രശസ്ത കാർ നിർമാതാക്കളായ മെഴ്സിഡസ് ബെൻസിന്റെ ഫേസ്ബുക്ക് പേജ്. ലോകത്തിലെ ഏറ്റവും ആദരണീയവും, വിശ്വസനീയവുമായ കാർ ബ്രാൻഡുകളിൽ ഒന്നാണ് ബെൻസ്. കമ്പനിയുടെ ഫേസ്ബുക്ക് പേജിന് ഏതാണ്ട് 20 മില്യൺ ഫോളോവേഴ്സാണുള്ളത്. കാറുമായി സംബന്ധിക്കുന്ന ചിത്രങ്ങളും, വാർത്തകളും മറ്റും ഫേസ്ബുക്ക് മാധ്യമത്തിലൂടെ, ബ്രാൻഡിന്റെ ഐഡൻറ്റിറ്റി ദൃഢീകരിക്കുന്നതിന് വേണ്ടി അവതരിപ്പിക്കാറുണ്ട്.
ലോകം കൂടുതൽ മത്സരസ്വഭാവമുള്ള അവസ്ഥയിലേക്കാണ് പ്രയാണം ചെയ്യുന്നതെന്ന് നാം മുന്നോട്ട് പോകുമ്പോൾ നമുക്ക് മനസ്സിലാവുന്നു. തങ്ങളുടെ എതിരാളികളേക്കാൾ ഒരുപിടി മുന്നിൽ നിൽക്കേണ്ടത് ഏതൊരു സംരംഭത്തെ സംബന്ധിച്ചും അനിവാര്യമാണ്. ഇത് സാധ്യമാകണമെങ്കിൽ വ്യവസായങ്ങൾ ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകൾ ഫലപ്രദമായ രീതിയിൽ ഉപയോഗിക്കണം. ഓൺലൈനിൽ കുറ്റമറ്റതായ ഒരു സാന്നിധ്യം നിർമിച്ചെടുക്കുന്നതിലൂടെ, ബിസിനസ്സ് മികച്ചതാണെന്നും, വളർച്ച പ്രാപിക്കുന്നതിനായുള്ള പ്രവർത്തനത്തിന് പ്രതിജ്ഞാബദ്ധമാണെന്നും. അവർക്ക് ജനങ്ങളോട് പറയാൻ സാധിക്കും. സ്ഥാപനം വിശ്വാസയോഗ്യമാണെന്ന ഒരു പ്രതിച്ഛായ ഉണ്ടാക്കാനും, ഉപഭോക്താക്കളുടെ എണ്ണം വർധിപ്പിക്കാനും ഈയൊരു പ്രവർത്തിയിലൂടെ സാധിക്കും.
ഇന്റർനെറ്റ് മാർക്കറ്റിങ്ങിന്റെ മറ്റൊരു പ്രത്യേകത എന്ന് പറയുന്നത് പേഴ്സണലൈസേഷനാണ്. ഒരു കസ്റ്റമർ ഉത്പന്നം വാങ്ങുമ്പോഴോ സേവനത്തെക്കുറിച്ച് അന്വേഷണം നടത്തുമ്പോഴോ ആ ഡാറ്റ ശേഖരിച്ച് വയ്ക്കുന്നു. ഉപഭോക്താവ് സന്ദർശിച്ച പേജുകളും, അന്വേഷിച്ച ഉത്പന്നങ്ങളും, വ്യക്തിയുടെ സ്ഥലവും മറ്റുമെല്ലാം ഉപയോഗിച്ചുകൊണ്ട് അവരുടെ താല്പര്യങ്ങൾ മനസ്സിലാക്കിയെടുക്കുന്നു. ഇതിലൂടെ വ്യവസായങ്ങൾ അവരുടെ ബിസിനസ്സ് സ്ട്രാറ്റജിയിൽ തന്നെ അനുയോജ്യമായ രീതിയിൽ മാറ്റം വരുത്തുകയും ചെയ്യുന്നു. ഈയൊരു പ്രക്രിയയയുടെ ഗുണം എന്തെന്നാൽ ഒന്ന് പരമ്പരാഗത മാർക്കറ്റിങ്ങുമായി താരതമ്യം ചെയ്യുമ്പോൾ കസ്റ്റമറെ സംബന്ധിച്ച് കൂടുതൽ വിവരശേഖരണം നടത്താം എന്നുള്ളതാണ്. മറ്റൊന്ന് ഉപഭോക്താക്കളുടെ താല്പര്യങ്ങൾക്കും, അഭിരുചികൾക്കുമനുസരിച്ച് സ്വയം മാറ്റം വരുത്താം എന്ന ഗുണവും. ഉപഭോക്താവിനെ കൂടുതൽ തൃപ്തിപ്പെടുത്താൻ ഇതിലൂടെ സാധിക്കും.
പേഴ്സണലൈസ്ഡ് മാർക്കറ്റിങ്ങിന് ഉത്തമമായ ഉദാഹരണമാണ് ഇ കോമേഴ്സ് ഭീമന്മാരായ ആമസോൺ. ആമസോണിന്റെ വെബ്സൈറ്റിൽ കയറിയാൽ അവരുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിച്ചത് മാത്രമല്ല, നമ്മൾ മുൻപ് കണ്ടിട്ടുള്ള വസ്തുക്കളെക്കുറിച്ചുള്ള വിവരവും കാണാൻ സാധിക്കും. നമ്മുടെ പെരുമാറ്റ രീതി വിലയിരുത്തുകയും, ഓരോരുത്തരുടെയും താല്പര്യങ്ങൾക്കനുസരിച്ചുള്ള ഉത്പന്നങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നു.
ഇന്റർനെറ്റ് മാർക്കറ്റിങ്ങിന്റെ മറ്റൊരു സവിശേഷത എന്തെന്നാൽ കമ്പനിയുടെ വിജയാപരാജയങ്ങളെ സംബന്ധിച്ചുള്ള സമഗ്രമായ ഒരു അപഗ്രഥനം നടത്തുന്നു എന്നതാണ്. മാർക്കറ്റിങ് ക്യാമ്പയിന്റെ പുരോഗതിയും, വിജയവും വിലയിരുത്തുന്നതിനാവശ്യമായ ഗ്രാഫിക് ഉപകരണങ്ങളടക്കമുള്ള സർവ തന്ത്രങ്ങളും ആവിഷ്കരിക്കാൻ ഈയൊരു പ്രക്രിയയിലൂടെ സാധിക്കുന്നു. കസ്റ്റമറുമായി സംബന്ധിക്കുന്ന വിവരങ്ങൾ സമാഹരിക്കാനും അവരുടെ പ്രവർത്തികൾ സസൂക്ഷ്മം നിരീക്ഷിക്കാനും സഹായിക്കുന്ന ഒരുപാട് റിസർച്ച് ഉപകരണങ്ങൾ ലഭ്യമാണ്. ഈയൊരു പ്രവർത്തി ചെയ്യുന്നതിലൂടെ ഭാവിയിൽ തങ്ങളുടെ ക്യാമ്പയിനുകളും മറ്റും മെച്ചപ്പെടുത്താനും അതിലൂടെ മികച്ച ഫലങ്ങൾ നേടിയെടുക്കാനും ഇന്റർനെറ്റ് മാർക്കറ്റിങ് സഹായിക്കുന്നു.
പരമ്പരാഗത മാർക്കറ്റിങ്ങുമായി താരതമ്യം ചെയ്യുമ്പോൾ ഇന്റർനെറ്റ് മാർക്കറ്റിങ്ങിലൂടെ ബിസിനസ്സുകൾക്ക് കൂടുതൽ വളർച്ച പ്രാപിക്കാൻ സാധിക്കുന്നു എന്നത് തെളിയിച്ചിട്ടുള്ള വസ്തുതയാണ്. മാത്രമല്ല ഒരു ബ്രാൻഡിന്റെ മൂല്യം വിലയിരുത്താനുള്ള അവസരവും കൂടുതലുള്ളത് ഇന്റർനെറ്റ് മാർക്കറ്റിങ്ങിലൂടെയാണ്. വിവിധങ്ങളായ മാർക്കറ്റിങ് ക്യാമ്പയിനിലൂടെ ജനങ്ങളുമായി ബന്ധം സൃഷ്ട്ടിച്ചെടുക്കാനും, അവരുടെ വിശ്വാസം നേടിയെടുക്കാനും കഴിയുന്നു. വിജയകരമായി ഒരു കമ്പനിയുടെ ഉൽപ്പന്നങ്ങളും, സേവനങ്ങളും വിപണിയിലിറക്കുന്നതിന് ഫലപ്രദമായ ഇന്റർനെറ്റ് മാർക്കറ്റിംഗ് സ്ട്രാറ്റജി ആവശ്യമാണ്. എല്ലാ ബിസിനസുകൾക്കും ഈ സേവനങ്ങൾ ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല ഇന്റർനെറ്റ് മാർക്കറ്റിങ്ങിന്റെ സാധ്യതകൾ പരമാവധി ഉപയോഗിക്കുകയും, അതിലൂടെ അവരവരുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുകയും വേണം.
ഈ സുവർണ്ണാവസരം പാഴാക്കാതിരിക്കുക. ഇന്ന് തന്നെ ഇന്റർനെറ്റ് മാർക്കറ്റിങ് ഉപയോഗിക്കൂ..